ഏറെ കോളിളക്കം സൃഷ്ടിച്ച തളിപ്പറമ്പ് ഹണിട്രാപ്പ് കേസിലെ മുഖ്യപ്രതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ അതിവിദഗ്ദമായി രക്ഷപ്പെട്ടു. മെഡിക്കല്‍ കോളജിലെ മൂന്നാം വാര്‍ഡില്‍ നിന്നുമാണ് പ്രതി കുറുമാത്തൂര്‍ ചൊറുക്കള റഹ്മത്ത് മന്‍സിസിലെ കൊടിയില്‍ റൂബൈസ്(22) പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.50 മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് രക്താര്‍ബുദ രോഗിയായ റുബൈസിനെ മൂന്ന് ദിവസം മുമ്പാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. നേരത്തെ ലൂക്കിമിയ ബാധിച്ച റുബൈസ് സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലൂടെ രോഗവിമുക്തനായിരുന്നു. ഇക്കഴിഞ്ഞ ആഗസ്ത് 20നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിന് ഏഴാംമൈലിലെ റിഫായി മസ്ജിദില്‍ നിസ്ക്കാരത്തിനെത്തിയ ചെറുകുന്നോന്‍ ഹൗസില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്ന ഹണിട്രാപ്പും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെയുള്ള കഥകള്‍ പുറത്തു വന്നത്. തുടര്‍ന്നാണ് റുബൈസ് ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
കാസര്‍കോടും മംഗലാപുരത്തും നിരവധി മോഷണകേസുകളില്‍ പ്രതിയായ റുബൈസിനെ കര്‍ണാടകയിലെ ബാഗമണ്ഡലത്ത് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുക്കാനായി തിങ്കളാഴ്ച വൈകുന്നേരത്തോടെ കര്‍ണാടക പോലീസ് കോഴിക്കോട് എത്തിയിരുന്നു. ഇവര്‍ എത്തിയതറിഞ്ഞാണ് പ്രതി അതിവദഗ്ദമായി കടന്നുകളഞ്ഞത്.
റുബൈസിനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. ഹണിട്രാപ്പ് കേസില്‍ ബ്ലാക്ക്മെയില്‍ സംഘം ഉപയോഗിച്ച ലാപ്ടോപ്പ് ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് മുഖ്യ പ്രതിയുടെ തിരോധാനം.